‘ ഇവിടെ രാഷ്ട്രീയമില്ല ‘ ! നരേന്ദ്ര മോഡിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് സന്യാസിമാര്‍ അധികൃതര്‍ക്ക് കത്ത് നല്‍കി

ബേലൂര്‍ മഠത്തെ മോഡി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ പരാതി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍ രംഗത്ത്. ബേലൂര്‍ മഠത്തെ മോഡി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ പരാതി.

19-ാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ബേലൂര്‍ മഠത്തിന്റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നു എന്ന് കാട്ടി, രാമകൃഷ്ണാ മിഷനിലെ ഒരു വിഭാഗം സന്യാസിമാര്‍ മഠത്തിന്റെ മേധാവിമാര്‍ക്ക് കത്ത് നല്‍കി.

എന്തിനാണ് ഒരു രാഷ്ട്രീയ സന്ദര്‍ശനത്തിന് എത്തിയ മോഡിക്ക് മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കാന്‍ വേദി നല്‍കിയതെന്നും കത്തില്‍ ചോദിക്കുന്നു. പശ്ചിമബംഗാളില്‍ രാഷ്ട്രീയനേതാക്കളും സാംസ്‌കാരികനേതാക്കളും മോഡിയുടെ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ രാമകൃഷ്ണാ മിഷന്‍ ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, മോഡിയെ മഠത്തിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സന്യാസിമാരില്‍ ചിലര്‍ മഠം അധികൃതര്‍ക്ക് നേരത്തെയും കത്ത് നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മോഡിയെ പോലെ ഒരാളെ മഠത്തിലേക്ക് വിളിക്കരുതെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

രണ്ട് ദിവസത്തെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ചയാണ് ബേലൂര്‍ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് ആദരമര്‍പ്പിച്ച ശേഷം, വിവേകാനന്ദസ്വാമി ഉപയോഗിച്ചിരുന്ന മുറിയിലും മോദി സന്ദര്‍ശനം നടത്തി.

Exit mobile version