ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാലും പക്ഷികള്‍ തിരിച്ചറിയും, ഭക്ഷണവുമായി എത്തുമ്പോഴേക്കും പറന്നെത്തും; നൂറുകണക്കിന് പക്ഷികള്‍ക്ക് ദിവസവും അന്നം നല്‍കി ഒരു ‘പക്ഷി മനുഷ്യന്‍’

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പ്രാവുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ക്ക് അന്നം നല്‍കിവരുന്ന ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ഒഡീഷയിലുണ്ട്. ‘പക്ഷി മനുഷ്യന്‍’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സൂരജ് കുമാര്‍ രാജ് എന്ന പോലീസുകാരനാണ് പക്ഷികള്‍ക്ക് അന്നം നല്‍കിയതിലൂടെ ‘പക്ഷിമനുഷ്യന്‍’ എന്ന പേര് വീണത്.

‘പക്ഷികള്‍ വന്ന് എന്റെ കയ്യില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്. ഒരു ട്രാഫിക് പോലീസുകാരന്റെ ജോലി പോലെ തന്നെ ഞാന്‍ തെരഞ്ഞെടുത്തതാണ് പക്ഷികള്‍ക്ക് ഭക്ഷണം നല്കുന്ന ജോലിയും. അവ എന്നെ സ്‌നേഹിക്കുന്നതു പോലെ ഞാന്‍ അവയെയും സ്‌നേഹിക്കുന്നു. ഞാന്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവ എന്റ തോളില്‍ വന്നിരിക്കാറുണ്ട്’എന്ന് സൂരജ് കുമാര്‍ പറയുന്നു.

52കാരനായ സൂരജ് കുമാര്‍ രാജ് മയൂര്‍ഭഞ്ച് ജില്ലയിലെ ബാരിപാഡയിലാണ് ജോലി ചെയ്യുന്നത്. ദിവസവും നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള പക്ഷികള്‍ക്ക് സൂരജ് ഭക്ഷണം നല്‍കാറുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പക്ഷികള്‍ തന്നെ തിരിച്ചറിയാറുണ്ടെന്നും ഭക്ഷണവുമായി താന്‍ എത്തുമ്പോഴേക്കും പക്ഷികളും എത്താറുണ്ടെന്നും സൂരജ് പറയുന്നു.

‘ഈ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്. പശു പോലെയുള്ള മറ്റുമൃഗങ്ങള്‍ക്കും ഞാന്‍ ഭക്ഷണം നല്‍കാറുണ്ട്’. എന്റെ ബൈക്ക് കാണുമ്പോഴേക്കും അവ അടുത്തേക്ക് വരാറുണ്ട്- സൂരജ് പറയുന്നു. എല്ലാദിവസവും രാവിലെ നൂറുകണക്കിന് പ്രാവുകളാണ് സൂരജിനെ കാത്തുനില്‍ക്കാറുള്ളത്.

Exit mobile version