മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏത്? സെന്‍സസില്‍ ഒരു പുതിയ ചോദ്യം കൂടി

ന്യൂഡല്‍ഹി: പുതിയ സെന്‍സസിന്റെ ഭാഗമായ വിവരശേഖരണത്തില്‍ ഓരോ കുടുംബവും മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതാണെന്ന ചോദ്യവും ഉള്‍പ്പെടുത്തും. കഴിഞ്ഞ കാനേഷുമാരിയില്‍ ഇല്ലാതിരുന്ന ഈ ചോദ്യംകൂടി ഉള്‍പ്പെടുത്തി 31 ഇന ചോദ്യാവലി രജിസ്ട്രാര്‍ ജനറല്‍ ഓഫ് സെന്‍സസ് കഴിഞ്ഞദിവസം വിജ്ഞാപനംചെയ്തു.

വീട്ടിലെ മുഖ്യഭക്ഷ്യധാന്യം ഏതാണെന്നത് സെന്‍സസ് ചോദ്യാവലിയില്‍ 30-ാമത്തേ ചോദ്യമാണ്. 31-ാം ചോദ്യം ഫോണ്‍ നമ്പര്‍ ആണ്. സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍മാത്രമാണ് നമ്പര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ആളുകളോടുപറയണമെന്നും നിര്‍ദേശമുണ്ട്.

അടുത്തകൊല്ലം ഫെബ്രുവരി ഒമ്പതിനും 28-നും ഇടയിലാണ് സെന്‍സസ്. ഇക്കൊല്ലം സെന്‍സസിന്റെ ഭാഗമായ ‘ഹൗസ് ലിസ്റ്റിങ്ങും’ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കലും നടത്തും. ഏപ്രിലിനും സെപ്തംബറിനുമിടയിലാണ് ഇത് നടത്തുക. ജനസംഖ്യാ രജിസ്റ്ററില്‍ ജനനത്തീയതി, സ്ഥലം, മാതാപിതാക്കളുടെ ജനനത്തീയതി, സ്ഥലം തുടങ്ങി 21 ചോദ്യങ്ങളാണുണ്ടാവുക. എന്നാല്‍ കേരളവും ബംഗാളും എന്‍പിആര്‍ പുതുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.

Exit mobile version