കേസ് വൈകിപ്പിക്കാനുള്ള ശ്രമവുമായി വീണ്ടും ദിലീപ്; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍

ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വീണ്ടും വൈകിപ്പിക്കാനുള്ള ശ്രമവുമായി വീണ്ടും ദിലീപ്. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

അതേസമയം ഈ കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നേരത്തേ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് ദിലീപ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 30ന് കേസിലെ സാക്ഷിവിസ്താരം ആരംഭിക്കാനാണ് വിചാരണക്കോടതി തീരുമാനിച്ചിരിക്കുന്നത്.

Exit mobile version