ഫീസ് വര്‍ധന പിന്‍വലിക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്ര സര്‍ക്കാര്‍! ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങും

ഇതോടെ സര്‍വകലാശാലയില്‍ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതുന്നത്.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍. ഹോസ്റ്റല്‍ ഫീസ് വര്‍ധനയും സംഘര്‍ഷങ്ങളും കാരണം ജെഎന്‍യുവില്‍ ക്ലാസുകള്‍ മുടങ്ങുകയായിരുന്നു.

അതേസമയം, വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ സര്‍വകലാശാലയില്‍ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതുന്നത്.

ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുകിട്ടിയതായി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഐഷി ഘോഷടക്കം നാല് പേരാണ് എംഎച്ച്ആര്‍ഡി സെക്രട്ടറിയെ കണ്ടത്.

അതേസമയം, ജെഎന്‍യുവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ അനുകൂല നിലപാടെടുക്കാനാണ് ധാരണയായത്. സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദ്ദേശിച്ചു.

Exit mobile version