തെരഞ്ഞെടുപ്പ് കമ്മീഷന് വരുമാന കണക്ക് സമര്‍പ്പിച്ച് ബിജെപി; വരുമാനം 2,410 കോടി! ഒറ്റ വര്‍ഷം കൊണ്ട് ഉണ്ടായത് 1383 കോടിയുടെ വര്‍ധന

2,410 കോടി രൂപയാണ് ബിജെപിയുടെ വരുമാനം.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് വരുമാന കണക്ക് സമര്‍പ്പിച്ച് ബിജെപി. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. 2,410 കോടി രൂപയാണ് ബിജെപിയുടെ വരുമാനം.

2017-18 സാമ്പത്തിക വര്‍ഷം ബിജെപി നല്‍കിയ കണക്ക് പ്രകാരം 1027 കോടിയായിരുന്നു വരുമാനം. 1450 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി മാത്രം ബിജെപിക്ക് ലഭിച്ചു. എന്നാല്‍ 2017-18ല്‍ 210 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2018-19 സാമ്പത്തിക വര്‍ഷം 1005 കോടിയാണ് ബിജെപിക്ക് ചെലവായത്. മുന്‍ വര്‍ഷം 758 കോടിയായിരുന്നു ചെലവ്.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനയിലൂടെ 2345 കോടി രൂപയും പലിശയിനത്തില്‍ 54 കോടിയും ആജീവന്‍ സഹായോഗ് നിധി വഴി 24.64 കോടിയുമാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 567 കോടിയാണ് ബിജെപി ചെലവിട്ടത്.

അതേസമയം, മറ്റ് പാര്‍ട്ടികള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കിയിരുന്നു. കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ നേരത്തെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 918 കോടിയാണ് കോണ്‍ഗ്രസിന്റെ വരുമാനം. കോണ്‍ഗ്രസിന് 383 കോടി ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചു. 2017-18ല്‍ വെറും അഞ്ച് കോടി മാത്രമാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്.

Exit mobile version