ഗൗരി ലങ്കേഷ് കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റില്‍, പിടിക്കപ്പെട്ടത് കൊലപാതകത്തിലെ മുഖ്യ പ്രതി

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഋഷികേശ് ദേവ്ദികര്‍(മുരളി-44) എന്നയാളെയാണ് പിടിയിലായത്. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസ് കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് പിടികൂടിയ ഋഷികേശ്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതില്‍ ഋഷികേശ് പ്രധാനിയാണ്. മാത്രമല്ല കൊലപാതകികളെ ബെംഗളൂരുവില്‍ എത്തിച്ചത് ഇയാളുടെ നേതൃത്വത്തിലാണ്. പ്രതിയുടെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് പിടിക്കപ്പെട്ട പ്രതി.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്.

ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം 2018 നവംബറില്‍ പോലീസ് സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് ഋഷികേശ്. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version