മോഡിയുടെ മണ്ഡലത്തില്‍ തോറ്റ് തുന്നം പാടി എബിവിപി; വാരാണസി സംസ്‌കൃത സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എസ്യുവിന് മിന്നും വിജയം

വാരണാസി: വാരാണസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് എബിവിപി. മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യു(ഐ) പിടിച്ചെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമാണ് വാരാണസിയിലാണ് സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലം സ്ഥിതിചെയ്യുന്നത്. ഇവിടെ എബിവിപിക്ക് നേരിട്ട പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എബിവിപിയുടെ ഹര്‍ഷിദ് പാണ്ഡെയെ പരാജയപ്പെടുത്തി എന്‍എസ്‌യുടെ ശിവം ശുക്ല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി. ശിവം ശുക്ലയ്ക്ക് 709 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹര്‍ഷിദ് പാണ്ഡെയ്ക്ക് 224 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ചന്ദ്രകുമാര്‍ മിശ്രയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അവ്‌നിഷ് പാണ്ഡെ ജനറല്‍ സെക്രട്ടറിയും രജനികാന്ത് ദുബെ ലൈബ്രറിയനായും തിരഞ്ഞെടുക്കപ്പെട്ടു.

അതെസമയം എബിവിപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനമൊന്നും നടത്തേണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. രാജാറാം മിശ്ര നിര്‍ദ്ദേശിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. പോലീസ് സംരക്ഷണത്തിലാണ് വിജയിച്ച എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥികള്‍ വീടുകളിലേക്ക് പോയത്.

Exit mobile version