ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; പോലീസ് ലാത്തി വീശി; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകല ശാല വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് ലാത്തിവീശി.

ലാത്തിച്ചാര്‍ജ്ജില്‍ വിദ്യാര്‍ഥികളില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏതാനും വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്ച്ച് നടത്തിയത്.

ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സലര്‍ രാജിവെക്കണം എന്നിവയായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ഥികളെ അറിയിക്കുകയും, രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു.

Exit mobile version