ലോക്പാല്‍ അംഗം ജസ്റ്റീസ് ദിലിപ് ബി ഭോസാലെ രാജിവച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ അംഗം ജസ്റ്റീസ് ദിലിപ് ബി. ഭോസാലെ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദിലിപ് ബി. ഭോസാലെ രാജിക്കത്ത് അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2019 മാര്‍ച്ച് 27-നാണ് ലോക്പാല്‍ ചെയര്‍മാന്‍ ജസ്റ്റീസ് പിനാകി ചന്ദ്രയ്ക്കു മുന്‍പാകെ ജസ്റ്റീസ് ദിലിപ് ബി. ഭോസാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ചെയര്‍മാന്‍, ജുഡീഷല്‍-നോണ്‍ ജുഡീഷല്‍ അംഗം എന്നിങ്ങനെ മൂന്ന് അംഗങ്ങളാണ് അഴിമതി നിരീക്ഷണത്തിനുള്ള ലോക്പാലിലുള്ളത്. മുന്‍ ഹൈക്കോടതി ജഡ്ജിമാരും ഉന്നത ഉദ്യോസ്ഥരും ഉള്‍പ്പെടുന്നതാണ് എട്ടംഗ ലോക്പാല്‍ സമിതി.

2014-ല്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നെങ്കിലും നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ പ്രതിപക്ഷനേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു ലോക്പാല്‍ നിയമനം വൈകിപ്പിച്ചത്.

ഒടുവില്‍ സുപ്രീംകോടതി ഇടപെടലാണ് ലോക്പാല്‍ നിയമനത്തിന് കാരണമായത്. ഈ കര്‍ശനനിലപാടാണ് അഞ്ചുവര്‍ഷത്തിനു ശേഷമെങ്കിലും ലോക്പാലിനെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

Exit mobile version