ബിജെപി അനുകൂലികള്‍ക്ക് വീണ്ടും തിരിച്ചടി; ഒറ്റ ദിവസം കൊണ്ട് ദീപികയ്ക്ക് ലഭിച്ചത് നാല്‍പ്പതിനായിരത്തോളം ഫോളോവേഴ്‌സിനെ

സോഷ്യല്‍ മീഡിയയില്‍ ദീപികയ്‌ക്കെതിരെ നടന്ന ഹേറ്റ് ക്യാംപെയ്ന്‍ താരത്തിന്റെ ഇമേജും ജനപ്രീതിയും വര്‍ധിപ്പിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി അനുകൂലികള്‍ രംഗത്ത് എത്തിയിരുന്നു. ദീപികയുടെ പുതിയ ചിത്രമായ ‘ഛപാക്’ ബഹിഷ്‌കരിക്കാനും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാനുമാണ് സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഈ ആഹ്വാനം ബിജെപി അനുകൂലികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ദീപികയ്ക്ക് ലഭിച്ചത് നാല്‍പ്പതിനായിരത്തോളം ഫോളോവേഴ്‌സിനെയാണ്.

സോഷ്യല്‍ മീഡിയയില്‍ ദീപികയ്‌ക്കെതിരെ നടന്ന ഹേറ്റ് ക്യാംപെയ്ന്‍ താരത്തിന്റെ ഇമേജും ജനപ്രീതിയും വര്‍ധിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം വന്നതിന്റെ തൊട്ടുപിന്നാലെ ദീപികയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെ നിരവധി പ്രമുഖര്‍ താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

‘ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷേ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓര്‍മ്മിക്കും’ എന്നാണ് സിപിഐ നേതാവ് കനയ്യ കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്. ‘ദീപിക കഴിഞ്ഞദിവസം എന്താണോ ചെയ്തത്, അതിനെ ഞാന്‍ ബഹുമാനിക്കുന്നു’ എന്നാണ് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ വ്യക്തമാക്കിയത്. ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്.

Exit mobile version