ഇറാന്‍ അമേരിക്ക സംഘര്‍ഷം; സുരക്ഷയൊരുക്കി ഇന്ത്യ

ന്യൂഡല്‍ഹി; ഇറാനിയന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച സംഭവത്തിന് ശേഷം പക പൂണ്ട് നില്‍ക്കുകയാണ് ഇറാന്‍. പകരമായി ഇറാന്‍ 80 അമേരിക്കന്‍ സൈനികരുടെ ജീവനെടുത്തെന്ന വാര്‍ത്തകളും പുറത്തുവന്നു. പരസ്പരമുള്ള പ്രതികാര നടപടികള്‍ തുടരവെ ഇരു രാജ്യങ്ങളും ഒരു യുദ്ധത്തിന്റെ വക്കില്‍ എത്തിയിരിക്കുകയാണ്. ഇത് മറ്റു രാജ്യക്കാരെയും ബാധിക്കും എന്നതാണ് മറ്റൊരു കാര്യം.

ഇന്ത്യയെ സംബന്ധിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അമേരിക്കയിലുള്ള ഇന്ത്യാക്കാരുടെ കാര്യവും തുല്യ പ്രാധാന്യമുള്ളതാണ്. അതിനാല്‍ തന്നെ ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യമാണെങ്കില്‍ ഇന്ത്യ ഏത് പക്ഷത്ത് നില്‍ക്കും എന്നതല്ല, മറിച്ച് ഇന്ത്യാക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ എന്ത് ചെയ്യാനാവും എന്നതാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം

അതിനാല്‍ തന്നെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാവുമ്പോള്‍ അത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.

ഇറാന്‍-യുഎസ് ബന്ധം യുദ്ധത്തിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന സംശയം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍, ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ യാത്ര മാറ്റിവയ്ക്കണം എന്നാണ് ആവശ്യം.

ഇറാഖിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഇവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും രാജ്യത്തിനകത്തെ സഞ്ചാരം ഒഴിവാക്കാനുമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

Exit mobile version