ഡൽഹി തെരഞ്ഞെടുപ്പ്: തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് ജനുവരി ആറിന്; ഡിസംബർ 19ന് തന്നെ തീയതി പ്രഖ്യാപിച്ച് മനോജ് തിവാരി

ബിജെപിയുടെ കളിപ്പാവയോ തെരഞ്ഞെടുപ്പ് കമ്മീഷൻ?

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ അറിഞ്ഞതെങ്ങനെ? ഈ ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പേ, ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പുറത്തുവിട്ടതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലിന് ഡിസംബർ 19ന് നൽകിയ അഭിമുഖത്തിലാണ് ഫെബ്രുവരി എട്ടിന് ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മനോജ് തിവാരി പറയുന്നത്.

ട്വിറ്ററിൽ വൈറലായ ഒരു വീഡിയോയാണ് മനോജ് തിവാരി കൃത്യമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വ്യക്തമാക്കുന്നത്. മനോജ് തിവാരിയുടെ അഭിമുഖത്തിൽ ‘കെജ്‌രിവാൾ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്’ പറയുന്നുണ്ട്. ആവർത്തിച്ച് ഇക്കാര്യം മനോജ് തിവാരി പറയുന്നതും തീയതിയെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നതിന്റെ സൂചനയാണ്.

അതേസമയം, ജനുവരി ആറിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മനോജ് തിവാരി അറിയാതെ തെരഞ്ഞെടുപ്പ് തീയതി പറയുമ്പോൾ അവതാരകൻ ഇക്കാര്യം ഉറപ്പാണോ എന്ന് ചോദിക്കുന്നതും ചർച്ചയുടെ വിഷയം മാറ്റുന്നതും അഭിമുഖത്തിൽ വ്യക്തമായി കാണാനാകും.

Exit mobile version