‘ധര്‍മ്മം നിറവേറ്റപ്പെടുമ്പോഴാണ് നീതി നടപ്പിലാകുന്നത്, സുധീരയായ നിര്‍ഭയക്ക് ഇനി നിത്യശാന്തി കിട്ടും’; യുവരാജ് സിംഗ്

കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ധര്‍മ്മം നിറവേറ്റപ്പെടുമ്പോഴാണ് നീതി നടപ്പിലാകുന്നത്. നിര്‍ഭയ കേസിലെ ഈ വിധിക്ക് ഡല്‍ഹി കോടതി അഭിനന്ദനം അര്‍ഹിക്കുന്നു. സുധീരയായ നിര്‍ഭയക്ക് ഇനി നിത്യശാന്തി കിട്ടും’ എന്നാണ് യുവരാജ് സിംഗ് ട്വീറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. പട്യാല കോടതിയാണ് ഇവര്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 22 നാണ് വധശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിലൊരു വിധി വന്നിരിക്കുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നാണ് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്.

അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് തീഹാര്‍ ജയില്‍ അധികൃതര്‍. തൂക്കിലേറ്റപ്പെടുന്നവരുടെ അതേ തൂക്കത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഡമ്മി കഴുമരത്തില്‍ തൂക്കിയാണ് ഡമ്മി എക്സിക്യൂഷന്‍ നടത്തുന്നത്. വധശിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വച്ചായിരിക്കും പരീക്ഷണവും നടത്തുക.

Exit mobile version