നിങ്ങളുടെ പൗരത്വം കവർന്നെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ എന്റെ മൃതദേഹത്തിൽ ചവിട്ടിയേ അതിന് സാധിക്കൂ; കേന്ദ്രത്തിനെ വീണ്ടും വെല്ലുവിളിച്ച് മമത ബാനർജി

കൊൽക്കത്ത: ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ നിയമ ദേദഗതിക്കുമെതിരെ വീണ്ടും രംഗത്തെത്തി കേന്ദ്ര നിലപാടിനെ വെല്ലുവിളിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സിഎഎ, എൻആർസി, എൻപിആർ ഇതൊന്നും നടപ്പിലാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് മമത ആവർത്തിച്ചു. നോർത്ത് 24 പർഗനാസിലെ പതാർ പ്രതിമയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവേയായിരുന്നു മമത കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയത്.

നിങ്ങളുടെ പേരും വിവരങ്ങളും ചോദിച്ച് ആരെങ്കിലും എത്തിയാൽ അത് നൽകരുത്. നിങ്ങളുടെ അവകാശം കവർന്നെടുക്കാൻ ആരെങ്കിലും എത്തിയാൽ എന്റെ മൃതദേഹത്തിൽ ചവിട്ടിയേ അവർക്ക് അതിന് സാധിക്കുകയുള്ളൂവെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരികയാണെന്നും മമത പറഞ്ഞു.

സ്വാതന്ത്ര്യം നേടി 70 വർഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത് അപമാനകരമാണെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു. സമ്പന്നമായ സംസ്‌കാരവും സംസ്‌കൃതിയും നിറഞ്ഞ വലിയ രാജ്യമായ ഇന്ത്യയെ തുടർച്ചയായി പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ കടുത്ത വിമർശനവും മമത ബാനർജി ഉയർത്തി.

ഒരു വശത്ത് പ്രധാനമന്ത്രി എൻആർസി ഇല്ലെന്ന് പറയുന്നു, പക്ഷെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നു രാജ്യത്തെല്ലായിടത്തും നടപ്പിലാക്കുമെന്ന്. ബിജെപി നേതാക്കൾ ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മമത പറഞ്ഞു.

Exit mobile version