സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വധശിക്ഷ കൊണ്ട് സാധിക്കില്ല; ആനി രാജ

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വധശിക്ഷ കൊണ്ട് സാധിക്കില്ലെന്ന് സിപിഐ നേതാവ് ആനി രാജ. നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ആനി രാജ.

സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വധശിക്ഷ കൊണ്ട് സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമസംവിധാനങ്ങള്‍ സൃഷ്ടിക്കണം. രാഷ്ട്രീയമായ ഇച്ഛാശക്തി സര്‍ക്കാരുകള്‍ കാണിക്കണം. അതിനായി ബജറ്റില്‍ തുക വകയിരുത്തണം എങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റൂവെന്ന് ആനി രാജ പറഞ്ഞു. വധശിക്ഷ ഒരു പ്രതിരോധ മാര്‍ഗമല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ നടപ്പാക്കുന്നതിന് കോടതി ഇന്ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. പട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കും.

രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിധി നടപ്പാക്കുന്നത്.

മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ഹര്‍ജിയില്‍ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുമ്പ് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി കോടതി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി.

Exit mobile version