ഇനി പോരാട്ടം ഡല്‍ഹിയില്‍; നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു. തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ആബ്‌സന്റീ വോട്ടേഴ്‌സ് എന്ന പുതിയ സംവിധാനം തെരഞ്ഞടുപ്പില്‍ പുതുതായി പരിചയപ്പെടുത്തും.

ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടോ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ വോട്ട് ചെയ്യാന്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സഹായകരമാകുന്നതാണ് ഈ പുതിയ സംവിധാനം. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും. ഒറ്റഘട്ടമായുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

ആകെ 1.46 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. 19000 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. 13750 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഫെബ്രുവരി 22-നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

Exit mobile version