ജെഎന്‍യുവിലെ ആക്രമണം ആസൂത്രിതം! വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

ജെഎന്‍യുവിലെ പോലീസ് സാന്നിധ്യത്തെക്കുറിച്ചും ഏത് വഴിയിലൂടെ ക്യാമ്പസില്‍ കയറണമെന്നതിനെക്കുറിച്ചും ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നു.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും അക്രമിച്ചത് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ പുറത്ത് വന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നത്. ജെഎന്‍യുവിലെ പോലീസ് സാന്നിധ്യത്തെക്കുറിച്ചും ഏത് വഴിയിലൂടെ ക്യാമ്പസില്‍ കയറണമെന്നതിനെക്കുറിച്ചും ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നു.

ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സ്ആപ്പ് ഗൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെഎന്‍യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ജെഎന്‍യുവില്‍ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ആക്രമണത്തിന് പിന്നില്‍ എബിവിപിയെന്ന് ആവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പോലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

Exit mobile version