സാങ്കേതിക തകരാറ് കാരണം വിമാനം പുറപ്പെടാന്‍ വൈകി: ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍, കോക്പിറ്റ് തകര്‍ക്കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: സാങ്കേതിക കാരണങ്ങളാല്‍ വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ യാത്രക്കാര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുളള എയര്‍ഇന്ത്യ ബോയിങ് 747 വിമാനത്തിലാണ്
സംഭവം.

വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കോക്പിറ്റ് വാതില്‍ തുറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. തുറന്നില്ലെങ്കില്‍ വാതില്‍ തകര്‍ക്കുമെന്നും യാത്രക്കാര്‍ ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ വനിതാ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എയര്‍ഇന്ത്യ വക്താവ് ആവശ്യപ്പെട്ടു. യാത്രക്കാരുടെ അക്രമാസക്തമായ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version