പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷനും ഒപ്പം ആദരവും

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷ നല്‍കുമെന്നും ഒപ്പം ആദരിക്കുമെന്നും മുതിര്‍ന്ന നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പെന്‍ഷന്‍ വാഗ്ദാനം സമാജ് വാദി പാര്‍ട്ടി നല്‍കിയത്.

ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറിയത് ഉത്തര്‍പ്രദേശിലാണ്. പ്രതിഷേധത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ വെടിയേറ്റ് മരിച്ചതും ഇവിടെയാണ്. പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ തന്നെ സമാജ്വാദി പാര്‍ട്ടിയുണ്ട്.

അതിനിടെ പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനിടെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നേരത്തെ മുംബൈ പോലീസും കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് കണ്ണന്‍ ഗോപിനാഥന്‍. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനാകുന്നില്ലെന്ന കാരണത്താല്‍ ഐഎഎസ് സര്‍വീസില്‍ നിന്ന് രാജി വെച്ചതിനു ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ പൗരാവകാശ പോരാട്ടങ്ങളിലേക്ക് ഇറങ്ങിയത്.

Exit mobile version