പൗരത്വ ഭേദഗതി നിയമം; ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വെടിവെപ്പ്

ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെടിവെപ്പ് നടത്തിയ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പോലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് വെടിവെപ്പ്. തോക്കുമായി നടന്നു വന്ന യുവാവാണ് വെടിവെച്ചത്. ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിക്ക് നേരെ വെടിവെച്ചത്. മാധ്യമപ്രവര്‍ത്തകരും പോലീസും കണ്ടുനില്‍ക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്.

വെടിവെപ്പില്‍ പരിക്കേറ്റത് ജാമിയ മിലിയയിലെ ഷബാബ് എന്ന വിദ്യാര്‍ത്ഥിക്കാണ് എന്നാണ് പുറത്തു വരുന്ന വിവരം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഷബാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവച്ച ആള്‍ കസ്റ്റഡിയിലുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു.

Exit mobile version