മുത്തച്ഛന്റെ ഖബറിടം സന്ദര്‍ശിക്കുന്നത് തടഞ്ഞു: അധികൃതര്‍ തന്നെയും തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ

ശ്രീനഗര്‍: അധികൃതര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോകാന്‍ അനുവദിക്കുന്നില്ലെന്നും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. മുന്‍ മുഖ്യമന്ത്രിയും ഇല്‍തിജയുടെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ ശ്രമിച്ച തന്നെ അധികൃതര്‍ തടഞ്ഞു.

അനന്തനാഗ് ജില്ലയിലുള്ള ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചുവെന്ന് ഇല്‍തിജ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതിനിടെ, ഗുപ്കര്‍ റോഡിലുള്ള മെഹ്ബൂബ മുഫ്തിയുടെ ഫെയര്‍വ്യൂ എന്ന വസതിയില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതല്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇവിടെ വീട്ടുതടങ്കലില്‍ കഴിയുകയാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു.

Exit mobile version