നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടോ? എങ്കില്‍ ഇനി പേടിക്കേണ്ട! പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടോ? എങ്കില്‍ ഇനി പേടിക്കേണ്ട. കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാണ്.

മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുകയോ, കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

http://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ബ്ലോക്ക് ചെയ്ത ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കും തന്നെ ഉപയോഗിക്കാനാകില്ല. ഈ വര്‍ഷം തന്നെ ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഇഐആര്‍ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?

ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതായോ കളഞ്ഞു പോയതായോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

ആ റിപ്പോര്‍ട്ടിന്റെ കോപ്പി കൈയ്യില്‍ കരുതുക. വെബ്സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് അത് ആവശ്യമായി വരും.

നഷ്ടപ്പെട്ട ഫോണിലെ സിംകാര്‍ഡുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകള്‍ എടുക്കുക. പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, സാധിച്ചാല്‍ ഫോണ്‍ വാങ്ങിയ ബില്ല് എന്നിവയും കൈയ്യില്‍ കരുതുക.

ഇതിന് ശേഷം ഫോണിന്റെ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.

മുകളില്‍ പറഞ്ഞ രേഖകള്‍ അപേക്ഷയ്ക്കൊപ്പം അറ്റാച്ച് ചെയ്യണം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കണം, രണ്ട് നമ്പറുകളുണ്ടെങ്കില്‍ രണ്ടും.

ഫോണിന്റെ ബ്രാന്റ്, മോഡല്‍, പര്‍ചേസ് ഇന്‍വോയ്സ് എന്നിവയും നല്‍കുക. ഫോണ്‍ നഷ്ടമായ സ്ഥലവും, തീയ്യതിയും നല്‍കുക.

ഫോണ്‍ ഉടമ അയാളുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്‍ അപേക്ഷയ്ക്കൊപ്പം നല്‍കണം.

അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം.

Exit mobile version