ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവര്‍ ശിക്ഷിക്കപ്പെടും; പ്രിയങ്കയ്ക്കു മറുപടിയുമായി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി; പൗരത്വ നിയമ വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധിക്കു മറുപടിയായി യോഗി പറഞ്ഞു.

‘ഭഗ്വാ മേം ലോക് കല്യാണ്‍’ ( പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് യോഗിയുടെ പ്രതികരണം. ‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിന്റെ അര്‍ഥം മനസ്സിലാകില്ല.’ യോഗി ആദിത്യനാഥ് പറഞ്ഞു.

പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യ നാഥിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്.

യോഗി ആദിത്യ നാഥിന് കാവി ചേരില്ല. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നല്‍കുകയാണ്. ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.

Exit mobile version