ഈ അവസ്ഥ ഇനി ഉണ്ടാവില്ല; ക്ഷാമം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്ക് കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും

നടപ്പ് വര്‍ഷം 56,000 ടണ്‍ ഉള്ളിയായിരുന്നു സംഭരിച്ചുവച്ചിരുന്നത്

ന്യൂഡല്‍ഹി: ഇത്തവണത്തെ ക്ഷാമം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്ക് കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ 45,000 ടണ്‍ ഉള്ളികൂടി ഇറക്കുമതിചെയ്യുന്നുണ്ട്. തുര്‍ക്കി, അഫ്ഗാനിസ്താന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളി ഉടനെ രാജ്യത്തെത്തും.

ഈ വര്‍ഷം രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമായിരുന്നു. ഉള്ളി കിട്ടാതെ വന്നതോടെ വിലയും വര്‍ധിച്ചു. ഇത് സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. നടപ്പ് വര്‍ഷം 56,000 ടണ്‍ ഉള്ളിയായിരുന്നു സംഭരിച്ചുവച്ചിരുന്നത്.

എന്നാല്‍ ഇത് തികയാതെ വന്നു. ഈ അവസ്ഥ കണക്കിലെടുത്താണ് അടുത്ത വര്‍ഷത്തേക്ക് ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചു വയ്ക്കാന്‍ തീരുമാനിച്ചത്.ഉള്ളി സംഭരണത്തിന്റെ ചുമതല നാഫെഡിനായിരിക്കും. മാര്‍ച്ച്-ജൂലായ് മാസങ്ങളില്‍ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഉള്ളി ദീര്‍ഘകാലം സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയുന്നവയാണെന്നാണ് വിലയിരുത്തല്‍.

Exit mobile version