ആരുടെയും പൗരത്വം എടുത്തുകളയില്ല; പൗരത്വനിയമ ഭേദഗതിക്ക് പിന്തുണ തേടി ട്വിറ്റര്‍ ക്യാംപയിനുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടും ബോധവല്‍ക്കരണം നല്‍കിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിന്‍.

”ഇന്ത്യ പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(#IndiaSupportsCAA)കാരണം പൗരത്വനിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയുന്നില്ല, പകരം കഷ്ടപ്പെടുന്ന അഭയാര്ത്ഥികള്ക്ക് പൗരത്വം നല്കുകയാണ് ചെയ്യുന്നത്” – മോദി ട്വീറ്റ് ചെയ്തു. ആത്മീയനേതാവ് ജഗ്ഗി വാസുദേവ് പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.

രാജ്യത്ത് പൗരത്വഭേദഗതി നിയത്തിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങി. ഇതിനിടെ വിദേശികളും സമരത്തില്‍ പങ്കാളികളായിരുന്നു. പ്രകടനത്തിനിടെ 21 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യുപി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേഭഗതിക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യദ്രോഹ അജണ്ട ഉണ്ടെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. മീററ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആരോപണം. അക്രമം നടത്തിയവര്‍ പാക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി പോലീസ് പറയുന്നു.

Exit mobile version