ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘ നുണയന്‍’ രാഹുല്‍ ഗാന്ധി; ആരോപണവുമായി ബിജെപി

ഈ വര്‍ഷത്തെ ഏറ്റവും വലിയ 'നുണയന്‍' ആരാണെന്ന് അറിയാന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്ത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘നുണയന്‍’ ആരാണെന്ന് അറിയാന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി.

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദരിദ്രജനവിഭാഗങ്ങളുടെ മേല്‍ ചുമത്തിയ നികുതിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി. ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെയും പൗരത്വ നിയമ ഭേദഗതിയുടെയും പേരില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് എപ്പോഴും കള്ളങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍ അദ്ദേഹം പ്രസിഡന്റല്ല, എങ്കിലും ഇപ്പോഴും നുണ പറയുന്ന രീതി രാഹുല്‍ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കുടുംബത്തെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി കള്ളം പറയുന്നത്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയെയും രാജ്യത്തെ തന്നെയും നാണിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ജാവഡേക്കര്‍ കുറ്റപ്പെടുത്തി.

അതേസമയം, രാജ്യത്തെ സമ്പദ് വ്യവസ്ഥ, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളില്‍ കടുത്ത ചോദ്യങ്ങള്‍ നേരിട്ട് ഉത്തരം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബിജെപി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എപ്പോഴും ഗൗരവമായ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ചോദിക്കാറുള്ളത്. ജനങ്ങള്‍ക്ക് ഉത്തരം ആവശ്യമുള്ള ചോദ്യങ്ങളാണത്. അവരുടെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ വേണ്ടി ചോദ്യങ്ങള്‍ക്കൊന്നും അവര്‍ ഉത്തരം നല്‍കാറില്ലെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

Exit mobile version