നിരപരാധികളെ വെടിവച്ചിടുന്ന ആ മനുഷ്യന്‍ കണ്‍മുന്നില്‍! കസബിനെ തൂക്കുകയറിലേക്ക് എത്തിച്ച ധീരയായ പെണ്‍കുട്ടി; ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ദേവിക

മുംബൈ: മുംബൈ ഭീകരാക്രമണ (26/11)ത്തിന്റെ കറുത്ത ഓര്‍മ്മകള്‍ പങ്കുവച്ച് ഭീകരാക്രമണത്തിന്റെ ഇര ദേവിക. മുഖ്യപ്രതിയായ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന് തൂക്കുക്കയര്‍ ഉറപ്പാക്കിയത് പത്ത് വയസ്സുകാരിയായിരുന്ന ദേവികയുടെ മൊഴിയാണ്. തന്റെ ഇടതുകാലിന് വെടിയേറ്റ ആ ദിവസവും കാലവും മറക്കാനാഗ്രഹിച്ചാലും മറക്കാന്‍ കഴിയില്ലെന്ന് അവള്‍ പറയുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നത്, വൃദ്ധരെ, ചെറുപ്പക്കാരെ.. അങ്ങനെ എത്രയെത്ര നിരപരാധികളെ ആ മനുഷ്യന്‍ വെടിച്ചിടുന്നത് കണ്‍മുന്നില്‍ കണ്ടു.

”ആ ദിവസം എനിക്കൊരിക്കലും മറക്കാനാകില്ല, ഇനി ഞാനത് മറക്കണമെന്നാഗ്രഹിച്ചാല്‍ പോലും. ഓരോ സെക്കന്‍ഡും ഇന്നും എന്റെ ഓര്‍മയിലുണ്ട്, ഇന്നലെ കഴിഞ്ഞതുപോലെ’ ജീവിതം മാറ്റിമറിച്ച ആ ദിവസത്തെപ്പറ്റി ദേവിക പറയുന്നു.

അച്ഛനും ഇളയ സഹോദരനുമൊപ്പം പുണെയിലുള്ള മൂത്ത സഹോദരനെക്കാണാന്‍ പോകുകയായിരുന്നു ഞാന്‍. ബാന്ദ്രയില്‍ നിന്ന് സിഎസ്ടിയിലെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ പൊതു ശുചിമുറിയില്‍ കയറി. തൊട്ടുപിന്നാലെ വെടിയൊച്ചകളും സ്‌ഫോടനശബ്ദവും. എല്ലാവരും ചിതറിയോടുന്നതുകൊണ്ടു, ഞങ്ങളുമോടി.

ഓടുന്നതിനിടയില്‍ എന്റെ വലതുകാലിന് വെടിയേറ്റു. ഞാന്‍ വീണു. വെടിയേല്‍ക്കുന്നതിന് മുന്‍പ് എന്നെപ്പോലെ നിരവധി നിരപരാധികള്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ആ മനുഷ്യനെ ഞാന്‍ കണ്ടിരുന്നു.

പരുക്കേറ്റ എന്നെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ഞാന്‍ ജീവനില്ലാത്ത ശരീരങ്ങള്‍ കണ്ടു, കടുത്ത വേദനയില്‍ അലറിവിളിക്കുന്ന മനുഷ്യരെ കണ്ടു. ആ കാഴ്ചകള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി. ശസ്ത്രക്രിയ കഴിഞ്ഞ് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഒന്നരമാസത്തോളം അവിടെയായിരുന്നു. വീണ്ടും വീണ്ടും ശസ്ത്രക്രിയകള്‍.

പിന്നീട് ഞാനും കുടുംബവും രാജസ്ഥാനിലെ സുമെര്‍പൂരിലെ ഞങ്ങളുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ചാണ് മുംബൈയിലെ പോലീസുദ്യോഗസ്ഥര്‍ അച്ഛനെ വിളിച്ച് ഭീകരര്‍ക്കെതിരെ സാക്ഷി പറയാന്‍ ഞാന്‍ തയ്യാറാണോ എന്ന് അന്വേഷിച്ചു. ഞാനും അച്ഛനും കസബുള്‍പ്പെടെയുള്ള മൂന്ന് ഭീകരരെയും തിരിച്ചറിഞ്ഞു.

ഞാനുള്‍പ്പെടെ നിരവധിയാളുകളെ വെടിവെച്ചയാളാണ് കസബ്. നിരവധി പേര്‍ സാക്ഷി പറയുന്നതില്‍ നിന്ന് പിന്മാറി. പക്ഷേ എനിക്ക് പേടിയില്ലായിരുന്നു. സിനിമകളില്‍ മാത്രമാണ് ഞാന്‍ വെടിവെയ്പ്പും ആക്രമണവും കണ്ടിട്ടുണ്ടായിരുന്നത്. സിനിമയില്‍ നായകന് വെടിയേറ്റാല്‍ അയാള്‍ മൂന്ന് ദിവസം കൊണ്ട് പഴയ ജീവിതത്തിലേക്ക് മടങ്ങും. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. വെടിയേറ്റ ഒരാള്‍ ജീവിതകാലം മുഴുവന്‍ ബുദ്ധിമുട്ടും വേദനയും സഹിക്കണം. എന്റെ കണ്‍മുന്നില്‍ നിരവധി ക്രൂരതകള്‍ ഞാന്‍ കണ്ടു.

കുഞ്ഞുങ്ങളെ കൊല്ലുന്നത്, വൃദ്ധരെ, ചെറുപ്പക്കാരെ.. അങ്ങനെ എത്രയെത്ര നിരപരാധികള്‍. പൊലീസുദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതെല്ലാം എന്നെ ദേഷ്യം പിടിപ്പിച്ചു.

പേടിക്കരുതെന്ന് പഠിപ്പിച്ചത് അച്ഛനാണ്. ആരെയും പേടിക്കേണ്ടതില്ല എന്ന് ഇടക്കിടെ പറയുമായിരുന്നു അച്ഛന്‍. കസബിനെതിരെ സാക്ഷി പറഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ ഞങ്ങളില്‍ നിന്നകന്നു. അവര്‍ക്ക് ഞങ്ങളോട് മിണ്ടാന്‍ പോലും ഭയം. ഇത്തരത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ പിന്നീടുള്ള ജീവിതത്തില്‍ വേട്ടയാടി.

അച്ഛന്റെ ബിസിനസ് തകര്‍ന്നു. കച്ചവടത്തിനായി ആരും വരാതായി. ഞങ്ങളുടെ വിദ്യാഭ്യാസം മുടങ്ങി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഇന്ന് ജീവിച്ചുപോകുന്നത്.

നിരവധി ഭീഷണികള്‍ എനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. വധഭീഷണി വരെയുണ്ടായി. ഭീഷണികളെത്തുടര്‍ന്ന് അടിക്കടി വീട് മാറിക്കൊണ്ടിരുന്നു. ഞങ്ങളെ ഭീകരര്‍ ആക്രമിക്കുമെന്ന് പലരും ഭയപ്പെട്ടു. പ്രശസ്തിക്ക് പിന്നാലെ ഞങ്ങളുടെ കയ്യില്‍ ഒരുപാട് പണമുണ്ടെന്ന് കരുത് വീട്ടുടമകള്‍ വാടക കൂട്ടാന്‍ തുടങ്ങി. വാടക താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ മറ്റൊരു വീട് തേടിയിറങ്ങും, ഇതായിരുന്നു പതിവ്.

നിരവധി സഹായവാഗ്ദാനങ്ങള്‍ ലഭിച്ചു. പക്ഷേ ഒന്നും ഞങ്ങളുടെ അടുക്കലേക്ക് എത്തിയില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങളും നടപ്പായില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും നിരവധി കത്തുകളെഴുതി. അതിനിടയില്‍ ക്ഷയരോഗം പിടിപെട്ടു. പിന്നീട് അതിന്റെ ചികിത്സക്കായുള്ള നെട്ടോട്ടം. പലരുടെയും സഹായത്തോടെയാണ് ചികിത്സ നടന്നത്.

‘വെല്ലുവിളികളും മോശം ജീവിതസാഹചര്യങ്ങളും ദേവികയെ തളര്‍ത്തുന്നില്ല. ഇന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അവള്‍. കസബിനെതിരെ വിരല്‍ ചൂണ്ടിയതില്‍ തെല്ലും ഖേദമില്ലെന്നുതന്നെ ദേവിക പറയുന്നു.

Exit mobile version