ഉത്തര്‍പ്രദേശില്‍ 10 ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം; ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ!

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലും ,ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്നും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലും ,ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും.

പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലെ മരിച്ചവരുടെ എണ്ണം 21 ആയി. കഴുത്തിന് വെടിയേറ്റ് ചികിത്സയിലായിരുന്ന ഫിറോസാബാദ് സ്വദേശി മൊഹമ്മദ് ഹാറൂണ്‍ ഇന്നലെ മരിച്ചതോടെയാണ് മരണസംഖ്യ 21 ആയത്. സംസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂര്‍, ജഫ്രാബാദ്, ചാണക്യ പുരിയിലെ യുപി ഭവന്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖാപിച്ചത്. ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ചാണക്യ പുരിയിലെ യുപി ഭവന്‍ ഇന്ന് ഉപരോധിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഉപരോധത്തിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സമരം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്.

Exit mobile version