കര്‍ഷക മാര്‍ച്ചില്‍ വിറച്ച് ദേവേന്ദ്ര ഫട്‌നാവിസ്; കര്‍ഷകരുടെ ആവശ്യങ്ങള്‍ പാലിക്കുമെന്ന് എഴുതി നല്‍കി

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചില്‍ വിറച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സമരം നടത്തുന്ന കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അംഗീകരിച്ചു. ലോങ് മാര്‍ച്ചില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് എഴുതി നല്‍കി. വനാവകാശ നിയമം വഴി ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ ആദിവാസി മേഖലയുള്‍പ്പെട്ട അഞ്ച് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് ഫട്‌നവിസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശം നല്കി.

കിസാന്‍ ലോങ് മാര്‍ച്ചില്‍ കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പഠിക്കാന്‍ വേണ്ടി നിയോഗിച്ച സമിതി നല്‍കിയ ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോ കര്‍ഷകരും അവര്‍ക്ക് ആവശ്യമായ ആഹാരം കൊണ്ടാണ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്. തുടര്‍ന്നാണ് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രി എഴുതി നല്‍കിയത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരും ആദിവാസികളും മഹാരാഷ്ട്രയില്‍ നടത്തുന്ന ലോക് സംഘര്‍ഷ് മാര്‍ച്ച് മുംബൈ നഗരത്തെ സ്തംഭിപ്പിച്ചിരുന്നു. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും എഎപിയും പിന്തുണ പ്രഖ്യാപിച്ച മാര്‍ച്ച്, ചൊവ്വാഴ്ചാണ് താനെയില്‍ നിന്ന് കര്‍ഷകര്‍ ആരംഭിച്ചത്. 13 മണിക്കൂറുകള്‍ കൊണ്ടാണ് കര്‍ഷകര്‍ മുംബൈയിലെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന ലോങ് മാര്‍ച്ചില്‍ ഉറപ്പു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമത്തിന് കീഴിലുള്ള നഷ്ടപരിഹാര തുകകള്‍ വിതരണം ചെയ്യുക, വിളകള്‍ക്ക് അടിസ്ഥാന വില വര്‍ധിപ്പിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജ്യൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നിവയായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍

Exit mobile version