മുംബൈ: ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സർക്കാർ തീരുമാനം. സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ച് പകരം ശിവസേന എംഎൽഎ ആദിത്യ താക്കറെയുടെ സുരക്ഷ വർധിപ്പിക്കാനും തീരുമാനമായി. മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അവലോകനത്തിനു ശേഷമാണ് തീരുമാനം. സച്ചിൻ, ആദിത്യ താക്കറെ എന്നിവരെ കൂടാതെ 90 ലധികം പ്രമുഖരുടെ സുരക്ഷാ പരിരക്ഷ യോഗത്തിൽ അവലോകനം ചെയ്യുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഭാരതരത്ന അവാർഡ് ജേതാവായ സച്ചിന് ഇതുവരെ ‘എക്‌സ്’ കാറ്റഗറി സുരക്ഷയായിരുന്നു. സുരക്ഷ വെട്ടിക്കുറച്ചതോടെ 24 മണിക്കൂർ ഉണ്ടായിരുന്ന പോലീസിന്റെ സേവനം ഉണ്ടാകില്ല. എന്നാൽ രാജ്യസഭയിലെ മുൻ അംഗം എന്ന നിലയിൽ പുറത്തു പോകുമ്പോഴുള്ള പോലീസ് അകമ്പടി ഇനിയും തുടരും. ഇതോടൊപ്പം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ കൂടിയായ ആദിത്യ താക്കറെയുടെ സുരക്ഷ ‘സെഡ്’ വിഭാഗത്തിലേക്ക് ഉയർത്തി. നേരത്തെ അദ്ദേഹത്തിന് ‘വൈ പ്ലസ്’ സുരക്ഷയായിരുന്നു.
എൻസിപി അധ്യക്ഷൻ ശരദ് പവാറിനും അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാറിനും അനുവദിച്ച സെഡ് പ്ലസ് സുരക്ഷ തുടരും. സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയുടെ സുരക്ഷ വൈ പ്ലസിൽ നിന്ന് സെഡ് വിഭാഗത്തിലേക്ക് ഉയർത്തി. മുൻ ഉത്തർപ്രദേശ് ഗവർണർ റാം നായിക്കിന്റെ സെഡ് പ്ലസ് സുരക്ഷ എക്‌സ് ആയി താഴ്ത്തി. മുൻ ബിജെപി മന്ത്രിമാരായ ഏക്‌നാഥ് ഖഡ്‌സെ, റാം ഷിൻഡെ എന്നിവരുടെ സുരക്ഷയും കുറച്ചു.