തിരിച്ചടികൾ പ്രതീക്ഷിച്ചതിനും അപ്പുറം; എൻആർസിയിൽ നിന്നും പൗരത്വ നിയമഭേദഗതിയിൽ നിന്നും ബിജെപി പിന്നോട്ടോ? അമിത് ഷായെ പോലും തള്ളി മോഡി

ന്യൂഡൽഹി: തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്നും പാഠം പഠിച്ച ബിജെപി നിലപാട് മാറ്റാനുള്ള മുന്നൊരുക്കത്തിൽ. പപാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായെ പോലും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയത് പാർട്ടിക്ക് ഉള്ളിൽ തന്നെയുള്ള പൊട്ടിത്തെറികളുടെ സൂചനയാണ്. ദേശീയ പൗരത്വ രജിസ്റ്റർ ഉടൻ നടപ്പാക്കില്ലെന്ന് ഇതിൽ നിന്നും വ്യക്തമാകുകയാണ്. ധൃതി പിടിച്ച് എൻആർസി നടപ്പാക്കും എന്ന പ്രതീതി ഒഴിവാക്കാനാണ് ബിജെപി ശ്രമങ്ങൾ.

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി പൗരത്വ നിയമ ഭേദഗതി വലിയ കാര്യത്തിൽ ഉയർത്തി പിടിച്ചെങ്കിലും തിരിച്ചടിച്ചത് പാർട്ടിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. എൻആർസി രാജ്യമാകെ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ഒടുവിൽ ഡൽഹിയിൽ വെച്ച് തിരുത്തിപ്പറഞ്ഞത് ഇതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ ഉറക്കെ പ്രഖ്യാപിച്ച ഓരോ വാക്കുകളും ഡൽഹി രാംലീല മൈതാനത്തെ റാലിയിൽ മോഡി തിരുത്തുകയായിരുന്നു.

എൻആർസിയെക്കുറിച്ച് ചിലർ കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് മോഡി പറഞ്ഞത്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തിരിച്ചടിയായതോടെ എൻഡിഎ ഘടകകക്ഷികളിലും ബിജെപിയെ തള്ളിപ്പറഞ്ഞിരുന്നു. ബിജെപിക്കുള്ളിലും എതിർ സ്വരങ്ങൾ ഉയരുകയാണ്. ഇതോടെ പാർട്ടിയിൽ കാര്യമായ ചർച്ചയില്ലാതെയാണ് വലിയ തീരുമാനങ്ങൾ എടുക്കുന്നതെന്ന വിമർശനവും ശക്തമായി. ആസാമിൽ നേരത്തെ പ്രഖ്യാപിച്ച എൻആർസി രാജ്യവ്യാപകമാക്കും എന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് റാലികളിൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതും പാർട്ടിയുടെ പുനർചിന്തനത്തിന് കാരണമായിട്ടുണ്ട്.

Exit mobile version