രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് വിലക്ക്: സ്വര്‍ണ മെഡല്‍ നിരസിച്ച് പ്രതിഷേധം

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്നും ഇസ്ലാംമത വിശ്വാസിയായ വിദ്യാര്‍ഥിനിയെ പുറത്താക്കി.

കോഴിക്കോട് സ്വദേശിനി റബീഹ അബ്ദുറഹ്മാനെയാണ് എന്‍എസ്ജി കമാന്‍ഡോകള്‍ കാരണം വ്യക്തമാക്കാതെ പുറത്താക്കിയത്. കേന്ദ്ര സേനകളുടെ കാവലില്‍ ഇന്റര്‍നെറ്റടക്കം വിഛേദിച്ചായിരുന്നു ബിരുദദാന ചടങ്ങ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ചത്.

അതേസമയം, ഹിജാബ് ധരിച്ചതിന്റെ പേരിലാണ് ചടങ്ങില്‍ നിന്നും പുറത്താക്കിയതെന്ന വാര്‍ത്തകള്‍ റബീഹ നിരസിച്ചു. ആരും ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.

മാസ് കമ്മ്യൂണിക്കേഷനില്‍ സ്വര്‍ണമെഡലിന് അര്‍ഹയായ റബീഹയോട്
രാഷ്ട്രപതിയെത്തുന്നതിന് തൊട്ടുമുന്‍പ് എന്‍എസ്ജി കമാന്‍ഡോകള്‍ പുറത്തുപോകാന്‍ പറയുകയായിരുന്നു. രാഷ്ട്രപതി പോയതിനുശേഷമാണ് റബീഹയെ തിരികെ പ്രവേശിപ്പിച്ചത്. വേദിയിലെത്തി പ്രതിഷേധിച്ച റബീഹ സ്വര്‍ണ പതക്കം നിരസിച്ചു.

‘എന്തുകൊണ്ടാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. രാഷ്ട്രപതി പോയിക്കഴിഞ്ഞപ്പോഴാണ് എന്നെ അകത്തുകയറ്റിയത്. എന്നെ മാത്രമാണ് പുറത്താക്കിയത്. എനിക്ക് വല്ലാത്ത നിരാശയും സങ്കടവുമായി. എന്നെ പുറത്താക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എന്റെ ആത്മാഭിമാനം തിരിച്ചെടുക്കാനായിരുന്നു ഞാന്‍ മെഡല്‍ നിരസിച്ചത്. മറ്റൊന്ന് പൗരത്വ നിയമഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും തെരുവില്‍ പോരാടുന്ന എല്ലാ വിദ്യാര്‍ഥികളോടും ഐക്യപ്പെട്ടാണ് ഞാന്‍ മെഡല്‍ നിരസിക്കുന്നത്’ റബീഹ പറഞ്ഞു.

ഇലക്ട്രോണിക് മീഡിയ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാര്‍ഥിനി കാര്‍ത്തിക, പിഎച്ച്ഡി വിദ്യാര്‍ഥികളായ അരുണ്‍കുമാര്‍, മെഹല്ല എന്നിവരും ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

Exit mobile version