കുതിരക്കച്ചവടം തടയാനാണ് നിയമസഭ പിരിച്ചുവിട്ടതെങ്കില്‍ ജനങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കൂ, നിങ്ങളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്…? ഗവര്‍ണറോട് ഉമര്‍ അബ്ദുള്ള

പിഡിപിയുമായി യോജിക്കുകയെന്ന തീരുമാനം ജമ്മുകാശ്മീരിനു വേണ്ടി താനാണ് കൈക്കൊണ്ടതെന്നും ഉമര്‍ അബ്ദുള്ള വ്യക്തമാക്കി.

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയമസഭ പിരിച്ചവിട്ട ഗവര്‍ണര്‍ നടപടിക്കെതിരെ ചോദ്യങ്ങളുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള. കുതിരക്കച്ചവടം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെങ്കില്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരണം നല്‍കണമെന്ന് ഉമര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മുകാശ്മീരില്‍ ബദ്ധവൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു ഗവര്‍ണറെ സമീപിച്ചതിനു പിന്നാലെയാണ് നിയമസഭ പിരിച്ചുവിട്ടത്.

‘ഞങ്ങളോട് നീതി കാട്ടിയില്ല. പണമുപയോഗിച്ചു, എംഎല്‍എമാരെ പണംകൊടുത്തുവാങ്ങി, കുതിരക്കച്ചവടം നടന്നു എന്നീ ആരോപണങ്ങള്‍ ഗര്‍ണര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരണം നല്‍കണം. നിങ്ങളുടെ പക്കല്‍ എന്തു തെളിവാണുള്ളതെന്നു കാണിക്കണം. ആരാണ് പണമുപയോഗിച്ചത്, എവിടെയാണത്.’ അബ്ദുള്ള ചോദിച്ചു. പിഡിപിയുമായി യോജിക്കുകയെന്ന തീരുമാനം ജമ്മുകാശ്മീരിനു വേണ്ടി താനാണ് കൈക്കൊണ്ടതെന്നും ഉമര്‍ അബ്ദുള്ള വ്യക്തമാക്കി.

‘പിഡിപിയുടെ പിന്തുണ തേടി ഞങ്ങളാണ് സമീപിച്ചത്. ഞാന്‍ പറഞ്ഞത് പാര്‍ട്ടിയുമായി ആലോചിച്ചശേഷമേ എനിക്കൊരു തീരുമാനമെടുക്കാനാവൂവെന്നാണ്. അതിനാല്‍ കൂടിയാലോചനയ്ക്കായി ഒന്നോ രണ്ടോ ദിവസം വേണമെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു.’ അദ്ദേഹം പറയുന്നു. സഖ്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തി. തെറഞ്ഞെടുപ്പിന്റെ കാര്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു നിന്ന് മത്സരിക്കുന്ന ജമ്മുകാശ്മീര്‍ ജനതയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version