മതം ഇനി ബാങ്ക് രേഖകളിലും; പുതിയ അപേക്ഷകള്‍ ഉടന്‍; കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ ഒരു പൂര്‍ണ്ണ മതരാജ്യമാക്കി മാറ്റുന്നു

മുംബൈ: ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ദിനം പ്രതി കൊണ്ടു വരുന്നത്. പല നിയമങ്ങളും മതം മാനദണ്ഡമാക്കിയാണ് പുറത്തിറക്കുന്നത്. പൗരത്വ നിയമം മുസ്ലീം വിഭാഗത്തിനൊടുള്ള വിവേചനമാണെന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ സമാന രീതിയിലുള്ള നിയമവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ബാങ്കുകളുടെ കെവൈസി അപേക്ഷകളിലാണ് ഇനി മുതല്‍ മതം രേഖപ്പെടുത്തേണ്ടത്. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് സമാനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് 2018ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തു വകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി നല്‍കിയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വ്യക്തമായി പറഞ്ഞാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, ബുദ്ധിസ്റ്റുകള്‍, ജൈനന്മാര്‍, സിഖുക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ടും വാസയോഗ്യമായ കെട്ടിടവും വാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി.

പൗരത്വ നിയമ ഭേദഗതി പോലെ ഈ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളെയും നിരീശ്വരവാദികളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ശ്രീലങ്ക, മ്യാന്മാര്‍, തിബറ്റ് എന്നി രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.

Exit mobile version