‘മമതാ ബാനര്‍ജി സംസാരിക്കുന്നത് പാകിസ്താന്‍ ഭാഷയില്‍’; തങ്ങളെ വിമര്‍ശിക്കുന്നവരെയെല്ലാം പാകിസ്താനികളാക്കുന്ന ബിജെപിയുടെ സ്ഥിരം തന്ത്രവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്

അസന്‍സോള്‍: പൗരത്വ ഭേദഗതി വിഷയത്തില്‍ ബിജെപിക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ബിജെപി നേതാവ് ദിലീപ് ഘോഷ്. മമതാ ബാനര്‍ജി സംസാരിക്കുന്നത് പാകിസ്താന്‍ ഭാഷയിലാണെന്നാണ് ദിലീപ് ഘോഷിന്റെ വിമര്‍ശനം.

പൗരത്വ നിയമ ഭേദഗതിയെ രാജ്യത്ത് എത്ര പേര്‍ അനുകൂലിക്കുന്നു എന്ന് കണ്ടെത്തണം. അതിനായി ഐക്യരാഷ്ട്ര സഭ കമ്മിറ്റി രൂപവത്കരിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. മമതയുടെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷ് വിമര്‍ശനവുമായി രംഗത്ത് വന്നത്.

മമത ബാനര്‍ജി സംസാരിക്കുന്നത് പാകിസ്താന്റെ ഭാഷയിലാണ്. എല്ലാ കാര്യത്തിലും ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ആവശ്യപ്പെടുന്നത് പാകിസ്താന്റെ രീതിയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ ഐക്യരാഷ്ട്രസഭ മധ്യസ്ഥത വഹിക്കണമെന്ന് മമതയും ആവശ്യപ്പെടുന്നു- ദിലീപ് ഘോഷ് പറഞ്ഞു.

കൂടാതെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണമെന്നും ദിലീപ് ഘോഷ് പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതയ്ക്ക് യാതൊരു അധികാരവുമില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലോ പാര്‍ലമെന്റിലോ അവര്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തുടക്കം മുതല്‍ മമത രംഗത്തുണ്ട്. താനുള്ളപ്പോള്‍ പശ്ചിമ ബംഗാളില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മമത പരസ്യമായി പറഞ്ഞിരുന്നു. നിയമം നടപ്പാക്കുന്നത് കാണട്ടെയെന്നും കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് മമത പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ മഹാറാലിയും മമത നടത്തിയിരുന്നു.

Exit mobile version