സേംഗര്‍ ജയിലില്‍ കഴിയുമ്പോഴും പുറത്ത് ഞങ്ങള്‍ ഭയന്ന് തന്നെ ജീവിക്കേണ്ടിവരും, വേണ്ടത് വധശിക്ഷയായിരുന്നു; ഉന്നാവോ ഇരയുടെ സഹോദരി

ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു.

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗറിന് വധശിക്ഷ ലഭിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കുടുംബം. ഉന്നാവോയിലെ ഇരയുടെ സഹോദരിയാണ് പരാതിയുമായി രംഗത്ത് വന്നത്. കേസില്‍ കുല്‍ദീപ് സേംഗറിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് സഹോദരി പറയുന്നു. അങ്ങനെ വധശിക്ഷ നല്‍കിയിരുന്നെങ്കില്‍ തങ്ങള്‍ക്ക് സുരക്ഷിത ബോധത്തോടെ കഴിയാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”സേംഗറിന് വധശിക്ഷ നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നീതി പൂര്‍ണമായി ലഭിക്കുമായിരുന്നു. സേംഗര്‍ ജയിലില്‍ കഴിയുമ്പോഴും ഞങ്ങള്‍ ഭയന്ന് കഴിയേണ്ടിവരും. അയാള്‍ പുറത്തുവന്നാല്‍ ഞങ്ങളെ ഇല്ലാതാക്കും” -സഹോദരി പറയുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ വൈകിയെന്നും അവര്‍ ആരോപിച്ചു. യഥാസമയം നീതി ലഭിച്ചിരുന്നെങ്കില്‍ സമാനമായ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് തടയാമായിരുന്നു.

ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു. നീതിതേടി സഹോദരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നു. നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നും അവര്‍ തുറന്ന് പറഞ്ഞു.

Exit mobile version