പടുകൂറ്റന്‍ റാലിയില്‍ പ്രകോപനങ്ങളൊന്നും ഇല്ല, മര്‍ദ്ദവുമില്ല; മുംബൈ പോലീസിന് ജയ് വിളിച്ച് പ്രതിഷേധക്കാര്‍!

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലീസ് നിഷേധിക്കുന്നില്ല. വന്‍ ജനപങ്കാളിത്തമുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും അനിഷ്ട സംഭവങ്ങളുണ്ടാകാതെ കാവല്‍ നില്‍ക്കാനും മുംബൈ പോലീസിന് സാധിച്ചു.

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്ക് എതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ഡല്‍ഹിയിലും മംഗളൂരുവിലും പോലീസ് നരയാട്ട് നടത്തുമ്പോള്‍ മുംബൈ പോലീസ് പ്രതിഷേധക്കാരുടെ കൈയ്യടി നേടുകയാണ്

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലീസ് നിഷേധിക്കുന്നില്ല. വന്‍ ജനപങ്കാളിത്തമുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും അനിഷ്ട സംഭവങ്ങളുണ്ടാകാതെ കാവല്‍ നില്‍ക്കാനും മുംബൈ പോലീസിന് സാധിച്ചു. ഇതാണ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസുകാരില്‍ നിന്നും മുംബൈ പോലീസ്
വ്യത്യസ്തമാകുന്നത്.

ഇന്നലെ മുംബൈ കാന്തിവലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം പോലീസിന് ജയ് വിളിച്ചും സേവനമനുഷ്ടിച്ച പോലീസുകാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

പൗരത്വബില്‍ പാസായതിന് പിന്നാലെ ഇരുപതിലധികം പ്രതിഷേധ റാലികള്‍ മുംബൈ കണ്ടു, പ്രതിഷേധിക്കാരെത്തി. പ്രതിഷേധക്കാര്‍ സമാധാനപരമായി മുദ്രാവാക്യം വിളിച്ചു. ജനഗണമന പാടിയ ശേഷം പിരിഞ്ഞ് പോയി.

കഴിഞ്ഞ ദിവസം മുംബൈ മറൈന്‍ ഡ്രൈവില്‍ അനുമതി തേടാതെ പ്രതിഷേധിക്കാനെത്തിയെന്ന് ആരോപിച്ച് രാജിവച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവരെ സമര പരമ്പരകളുടെ തുടക്കത്തില്‍ പോലീസ് തടഞ്ഞ് വച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ സമരത്തോടുള്ള സമീപനം ഇങ്ങനെ ആവരുതെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

പിന്നീട് നടന്ന പടപകൂറ്റന്‍ റാലിയില്‍ പ്രകോപനങ്ങളൊന്നും ഉണ്ടാക്കാതെ 1000ലധികം പോലീസുകാരാണ് പഴുതടച്ച ജാഗ്രതയോടെ മൈതാനത്ത് കാവല്‍ നിന്നത്.

Exit mobile version