നീലത്തലപ്പാവണിഞ്ഞ് കൂളിംഗ് ഗ്ലാസ്സും വച്ച് കൈയ്യടി നേടിയ യുവനേതാവ്; മോഡിയെ വെല്ലുവിളിച്ച് പ്രതിഷേധം നയിച്ച സൂപ്പര്‍ ഹീറോ ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്
പോലീസ്. അതേസമയം, പോലീസിനെയും മോഡിയെയും വരെ വെല്ലുവിളിച്ച് ഒരു യുവരക്തം പ്രതിഷേധം സംഘടിപ്പിച്ചു, അയാള്‍ക്ക് പിന്നില്‍ അണിചേര്‍ന്നത് കാല്‍ലക്ഷത്തോളം പേരാണ്.

ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് സംഘടിച്ച വന്‍ പ്രതിഷേധത്തെ മുന്നില്‍ നിന്ന് നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന യുവനേതാവാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ‘രാവണ്‍’ എന്ന പേരില്‍ ജനകീയനായ യുവനേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. രാഷ്ട്രീയക്കാരന്റെ പൊതുശൈലികള്‍ മാറ്റി പിരിച്ചുവച്ച മീശയും സണ്‍ഗ്ലാസും വച്ച് ബുള്ളറ്റിലുള്ള സഞ്ചാരവും സ്‌റ്റൈലന്‍ ലുക്കും യുവാക്കള്‍ക്കിടയില്‍ ആസാദിനെ തരംഗമാക്കി.

ഡല്‍ഹി ജുമാ മസ്ജിദിലെ ജുമ നമസ്‌കാരത്തിന് ശേഷം നിരോധനാജ്ഞ ലംഘിച്ചാണ് കൂറ്റന്‍ പ്രതിഷേധ റാലി അരങ്ങേറിയത്. കാല്‍ലക്ഷത്തോളം പേരാണ് പ്രതിഷേധത്തില്‍ അണിനിരക്കാന്‍ മസ്ജിദിലെത്തിയത്. കൂടുതല്‍ പേര്‍ എത്തിച്ചേരാതിരിക്കാന്‍ വേണ്ടി സമീപത്തുള്ള മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചിരുന്നെങ്കിലും ജനങ്ങള്‍ ചെറുകൂട്ടങ്ങളായി എത്തി. സുരക്ഷാ സേനയെ വന്‍തോതില്‍ വിന്യസിച്ചിരുന്നതിനാല്‍ ആയിരത്തില്‍ കുറവ് ആളുകളേ പ്രക്ഷോഭത്തിന് ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ഡല്‍ഹി പോലീസിന്റെ കണക്കുകൂട്ടല്‍.

പ്രക്ഷോഭ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ജുമാമസ്ജിദിനു പുറത്തുവെച്ച് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെ ആസാദ് പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു. ജനങ്ങളുടെ പ്രക്ഷോഭത്തിനിടെ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് ചാടിയാണ് പ്രക്ഷോഭകര്‍ക്കിടയിലേക്ക് എത്തിയത്.

ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ എത്തിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കി ആസാദ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.

തന്റെ നീലത്തലപ്പാവുമണിഞ്ഞ് ജുമാമസ്ജിദിന്റെ പടവുകളില്‍ ആസാദ് പ്രത്യക്ഷപ്പെട്ടു. അവിടെനിന്ന് അയാള്‍ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ജനക്കൂട്ടം അതേറ്റുചൊല്ലി. നിമിഷനേരം കൊണ്ട് ദേശീയപതാക കയ്യിലേന്തിയ, പ്ലക്കാര്‍ഡുകളേന്തിയ ജനക്കൂട്ടം ആ തെരുവിന്റെ ഇടുങ്ങിയ വഴികളില്‍ നിറഞ്ഞു.
അതിനിടെ ആസാദ് പോലീസിന്റെ കൈയ്യിലായി. പക്ഷേ പോലീസിനെ വെട്ടിച്ച് ആസാദ് ജനക്കൂട്ടത്തില്‍ മറഞ്ഞു. പിന്നെ ഒരു ടെറസില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടന്നാണ് ആസാദ് പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രക്ഷോഭകര്‍ക്കിടയിലേക്ക് എത്തിയത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുട്ട്മാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നും തുടങ്ങിയ പോരാട്ടവീര്യം കൊണ്ടാണ് ആസാദ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015 ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബിആര്‍ അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം.

2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടന്നു. ഇതിന് ശേഷം പുറത്തുവന്നപ്പോള്‍ ആസാദ് പഴയതിലും കരുത്തനായി. കോളജ് കാലത്ത് ആസാദ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൂടാതെ, ട്വിറ്ററില്‍ ചന്ദ്രശേഖര്‍ സംഘപരിവാറിനോടുള്ള തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കുറിച്ചതിങ്ങനെ:
‘ഞാന്‍ ഇവിടെ, ഈ ജുമാമസ്ജിദിന്റെ പടവുകളില്‍ ഇരിക്കുന്നത് മോഡി സര്‍ക്കാരിനോട് ഇത് പറയാനാണ്.. ഭരണഘടനയെ നശിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കില്ല.. ഈ രാജ്യം ഞങ്ങളുടേതാണ്..അത് സംരക്ഷിക്കാന്‍ അന്ത്യം വരെ ഞങ്ങള്‍ പോരാടും…!

Exit mobile version