പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചു; പരിനീതി ചോപ്രയെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാംപെയ്‌നില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്

താരത്തെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാംപെയ്‌നിന്റെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ബോളിവുഡ് താരം പരിനീതി ചോപ്രയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് താരത്തെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാംപെയ്‌നിന്റെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. ജാഗരണ്‍.കോം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഒരു പൗരന്‍ അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുമ്പോഴെല്ലാം ഇതാണ് സംഭവിക്കുന്നതെങ്കില്‍, നമ്മള്‍ ഒരു ബില്‍ പാസാക്കണം, ഇനിയും നമ്മുടെ രാജ്യത്തെ ജനാധിപത്യമെന്ന് വിളിക്കരുത്! അഭിപ്രായം പ്രകടിപ്പിച്ചതിന് നിരപരാധികളായ മനുഷ്യരെ മര്‍ദ്ദിക്കുകയാണോ? കിരാതം’ എന്നാണ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് കൊണ്ട് താരം ട്വിറ്ററില്‍ കുറിച്ചത്.


സംവിധായകന്‍ അനുരാഗ് കശ്യപ്, ആലിയ ഭട്ട്, സ്വര ഭാസ്‌കര്‍, ഹുമ ഖുറൈഷി, വിക്കി കൗശല്‍, ഭൂമി പേഡ്‌നേക്കര്‍, മനോജ് വാജ്‌പേയി, ആയുഷ്മാന്‍ ഖുറാന, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍ എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങളാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. അതേസമയം ബോളിവുഡിലെ ഖാന്‍മാരും തന്നെ ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Exit mobile version