പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; യെച്ചൂരിയും ഡി രാജയും ഗുഹയും അടക്കം കസ്റ്റഡിയില്‍

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. ഡല്‍ഹിയിലും കര്‍ണാടകത്തിലും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.നൂറിലേറെ വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൂടാതെ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബംഗലൂരു ടൗണ്‍ഹാളിനു മുന്നില്‍ വച്ചാണ് ഗുഹയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

”വിവേചനപരമായ ഒരു നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് വന്നത്. ഇവിടെ ആരും അക്രമം നടത്തിയിട്ടില്ല.” എന്നിട്ടും പോലീസ് തടയുകയായിരുന്നെന്ന് ഗുഹ മാധ്യമങ്ങളോടു പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഇന്നലെ രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാര്‍ത്ഥികളടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി തുടരുകയാണ്. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

കൂടാതെ ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് സ്റ്റേഷന്‍ അടച്ചത്.
പ്രതിഷേധക്കാരെ തടയാന്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്

Exit mobile version