റേഷന്‍കട വഴി മാംസാഹാരം ലഭ്യമാക്കുന്ന പദ്ധതിയുമായി നീതി ആയോഗ്

പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: അരിയും പഞ്ചസാരയും മണ്ണെണ്ണയും മറ്റും ലഭിക്കുന്നത് പോലെ ഇനി റേഷന്‍ കട വഴി ഇറച്ചിയും മീനും മുട്ടയുമൊക്കെ ലഭിച്ചാല്‍ എങ്ങനെയിരിക്കും. അധികം വൈകാതെ നമുക്ക് ഇനി റേഷന്‍ കട വഴി മാംസാഹാരം ലഭിച്ചു തുടങ്ങും. അത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് നീതി ആയോഗ്. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണിസൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.പ്രമുഖ എന്‍ജിഒ ആയ ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ അടുത്തിടെ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയില്‍ പാകിസ്താനിലും പിന്നിലായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് പട്ടിണി സൂചികയില്‍ ഉണ്ടായിരുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്.

എന്നാല്‍ പലരും മാംസാഹാരത്തിന്റെ വിലക്കുറവ് കാരണം ഇവ ഭക്ഷണത്തില്‍ നിന്ന് പാടേ ഒഴിവാക്കിയിരിക്കുകയാണ്. ഇതൊക്കെ കൊണ്ടാണ് റേഷന്‍കട വഴി മാംസം വിതരണം ചെയ്യുന്ന പദ്ധതിയെ കുറിച്ച് നീതി ആയോഗ് ആലോചിക്കുന്നത്. നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Exit mobile version