പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് നൂറുകണക്കിന് വാട്‌സ് ആപ്പ് സന്ദേശം; 14 വയസ്സുള്ള എട്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെ കൈമാറിയ എട്ടുവിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വാട്‌സ്ആപ്പ് ചാറ്റില്‍ മുഴുവന്‍ കൂട്ടബലാത്സംഗം, ബലാത്സംഗം തുടങ്ങിയ പദങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നത്. തമാശരൂപേണയും പെണ്‍കുട്ടികളെ മനഃപൂര്‍വ്വം അപമാനിക്കുന്ന തരത്തിലുമാണ് വാട്‌സ്ആപ്പിലൂടെയുള്ള ചാറ്റുകള്‍.

ബോഡി ഷെയിമിങ്ങ് നടത്തിയും സ്വവര്‍ഗാനുരാഗി തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചും വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ അപമാനിച്ചു. ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുക്കുക തുടങ്ങി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ അയച്ചിരുന്നതെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു.

അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍ നൂറിലധികം പേജ് വരും. എട്ടു വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.അവരെ സസ്‌പെന്‍ഡ് ചെയ്തതായും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Exit mobile version