നിര്‍ഭയ കേസ്; പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; പ്രതിക്ക് വധശിക്ഷ തന്നെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീകോടതി തള്ളി .ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പുതിയതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായിരിക്കുകയാണ്.

ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആ അര്‍ഥത്തില്‍ വധശിക്ഷ മാറ്റിവെക്കണമെന്ന് അക്ഷയ് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്പ്രദായം മുമ്പും ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചതെന്നും പ്രതിയായ അക്ഷയ് സിങ് അഭിഭാഷകന്‍ വഴി ഉന്നയിച്ചു. എന്നാല്‍ ഹര്‍ജിയില്‍ പുതിയതായി ഒന്നും ഇല്ലെന്ന് വ്യക്തമാക്കി അക്ഷയ് കുമാറിന്റെ പുനപരിശോധനാ ഹര്‍ജി തള്ളുകയായിരുന്നു.

പുനഃപരിശോധന പുനര്‍വിചാരണയല്ലെന്നും കോടതി പറഞ്ഞു. അതെസമയം സുപ്രീംകോടതി ഉത്തരവിന് എതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിയായ അക്ഷയ് കുമാര്‍ സിങിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

നേരത്തെ കേസിലെ മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവര്‍ വധശിക്ഷയ്ക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

അതെസമയം നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പ്രതികള്‍ എല്ലാം തിഹാര്‍ ജയിലിലാണ് ഉള്ളത്. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്റെ മരാമത്ത് പണികളും ഇതിനിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Exit mobile version