രാഷ്ട്രീയ ചാണക്യൻ എന്ന പ്രതിച്ഛായ നഷ്ടമായി; അത് വളരെ നന്നായെന്ന് അമിത് ഷാ

ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാനാകാതെ പോയത് പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്ന വാദത്തെ അംഗീകരിച്ച് പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്റെ രാഷ്ട്രീയ ചാണക്യൻ പ്രതിച്ഛായ നഷ്ടമായെന്ന് അമിത് ഷാ തുറന്നുസമ്മതിച്ചു. തനിക്കതിൽ സന്തോഷമുണ്ടെന്നും അമിത് ഷാ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച ‘അജണ്ട ആജ് തക്’ എന്ന പരിപാടിയിൽ പരാമർശിച്ചു.

ബിജെപി മഹാരാഷ്ട്രയിൽ തോറ്റിട്ടില്ല. ഞങ്ങൾക്ക് 105 സീറ്റ് ലഭിച്ചു. ഞങ്ങളുടെ സഖ്യത്തിന് കേവല ഭൂരിപക്ഷവുമുണ്ടായിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായതിലും 20 സീറ്റ് ഞങ്ങൾക്ക് അധികമായിരുന്നു. എന്നാൽ ശിവസേനയുമായുള്ള തർക്കത്തിൽ തുടർഭരണം നഷ്ടമായെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളിൽ രാഷ്ട്രീയ ചാണക്യൻ എന്ന പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയതായി തോന്നുന്നുണ്ടോ എന്ന് ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടർ രാഹുൽ കൻവാന്റെ ചോദ്യത്തോട്, ആ പ്രതിച്ഛായ നഷ്ടപ്പെട്ടത് നന്നായി എന്നായിരുന്നു അമിത് ഷായുടെ മറുപടി. ശിവസേനയ്ക്ക് തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Exit mobile version