വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ബാബറി മസ്ജിദ് തകര്‍ക്കുന്ന നാടകം; സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് അടക്കം നാലുപേര്‍ക്കെതിരെ കേസ്

ബംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്ന നാടകം നടത്തിയ സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് അടക്കം നാലുപേര്‍ക്കെതിരെ കേസ് എടുത്ത് കര്‍ണാടക പോലീസ്. ആര്‍എസ്എസ് നേതാവ് കല്ലടക പ്രഭാകര്‍ ഭട്ട്, നാരായണ്‍ സോമയാജി, വസന്ത് മാധവ്, ചിന്നപ്പ കൊടിയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സ്‌കൂള്‍ ഭരണസമിയിലുള്ളവരാണിവര്‍.

ദൃശ്യാവിഷ്‌കാരത്തിന്റെ വീഡിയോ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ അബൂബക്കര്‍ സിദ്ധിഖ് നല്‍കിയ പരാതിയിലാണ് നടപടി. മനപൂര്‍വമായി വര്‍ഗീയ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണം നടത്താന്‍ ശ്രമിച്ചതിനും, വ്യക്തിയുടെ മതവികാരങ്ങളെ മുറിവേല്‍പിക്കാനുള്ള ശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസ്.

കര്‍ണാടകയിലെ കല്ലടക്കയിലുള്ള ശ്രീ രാമവിദ്യാകേന്ദ്ര ഹൈസ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചത്. സ്‌കൂളിലെ കലാമത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു നാടകം അവതരിപ്പിച്ചത്.

വെളള ഷര്‍ട്ടും കാക്കി മുണ്ടും ധരിച്ചും വെള്ള ഷര്‍ട്ടും വെള്ള പാന്റും ധരിച്ചുമായിരുന്നു നൂറിലേറെ വിദ്യാര്‍ത്ഥികള്‍ നാടകത്തില്‍ അണിനിരന്നത്. നാടകം അരങ്ങേറുന്നതിനിടെ സ്റ്റേജില്‍ ബാബറി മസ്ജിദിന്റെ രൂപത്തിലുള്ള ഒരു വലിയ ചിത്രവും പ്രത്യക്ഷപ്പെടുന്നുണ്ട്. നിങ്ങള്‍ക്കാവുന്ന തരത്തില്‍ മസ്ജിദ് തകര്‍ക്കൂവെന്ന് ആ സമയം മൈക്കിലൂടെ ഉച്ചത്തില്‍ ഒരാള്‍ വിളിച്ചുപറയുന്നു. ഇത് കേട്ട് വിദ്യാര്‍ത്ഥികള്‍ ഉത്സാഹത്തോടെ ആഹ്ലാത്തോടെ ബാബറി മസ്ജിദ് തകര്‍ക്കുകയാണ്.

ശേഷം പ്രതീകാത്മകമായി ബാബറി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്യുന്നതോടെ നാടകം അവസാനിക്കുകയാണ്. രാമ, സീത, ഹനുമാന് മന്ത്രോച്ചാരണത്തോടെയായിരുന്നു നാടകം. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി, കര്‍ണാടകത്തിലെ നിരവധി പ്രമുഖരും നാടകത്തിന് സാക്ഷികളായി. നാടകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

Exit mobile version