ജാമിയ മിലിയ സംഘർഷം: വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്; വെടിവെയ്പ്പ് നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം; പത്ത് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിനിടെ വെടിവെയ്പ് ഉണ്ടായെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മുഹമ്മദ് തമീം എന്ന വിദ്യാർത്ഥിക്ക് കാലിൽ വെടിയേറ്റാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് മെഡിക്കൽ റിപ്പോർട്ട്. മുഹമ്മദ് തമീമിന്റെ ഇടത്തെ കാലിൽ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്ന് വിദ്യാർത്ഥിയുടെ ഡിസ്ചാർജ് റിപ്പോർട്ടിലാണ് ഉള്ളത്. കാലിൽനിന്ന് ഒരു ‘അന്യവസ്തു’ നീക്കംചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ജാമിയയിലെ സംഘർഷത്തിനിടെ രണ്ട് വിദ്യാർത്ഥികൾ വെടിയേറ്റാണ് പരിക്കേറ്റതെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചതായി ഡൽഹി പോലീസ് ഇതിനിടയ്ക്ക് തുറന്നുസമ്മതിച്ചിരുന്നു.

അതേസമയം, ജാമിയ പ്രക്ഷോഭത്തിൽ ഇതുവരെ പത്ത് പേർ അറസ്റ്റിലായി. ക്രിമിനൽ പശ്ചാത്തലമുള്ള പത്തു പേരെ ജാമിയ, ഒഖ്ല ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നാണ് ഡൽഹി പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്തവർ വിദ്യാർത്ഥികൾ അല്ലെന്നും ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വൻ സംഘർഷമായി മാറിയത്. പ്രക്ഷോഭത്തിനിടെ നാലു ബസുകളും രണ്ടു പോലീസ് വാഹനങ്ങളും കത്തിച്ചിരുന്നു. ഇത് പോലീസ് തന്നെ കത്തിച്ചതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. രണ്ടു ബസുകളും കാറുകളും ഫയർ എഞ്ചിനുകളും തകർത്തു. നിരവധി പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

Exit mobile version