പ്രതിഷേധങ്ങളെ തള്ളി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് ബിജെപിക്ക് തന്നെ തിരിച്ചടി; ആസാമില്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു

തങ്ങളും ഇനി പ്രക്ഷോഭങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പലരും ബിജെപി പാര്‍ട്ടി വിടുന്നത്.

ഗുവാഹത്തി: പ്രതിപക്ഷ പ്രതിഷേധങ്ങളും ജനങ്ങളുടെ എതിര്‍പ്പും എല്ലാം തള്ളിക്കളഞ്ഞ് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത ദേശീയ പൗരത്വ ബില്‍ ഇപ്പോള്‍ ബിജെപിക്ക് തന്നെ തിരിച്ചടിയാവുന്നു. ആസാമില്‍ ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ജനങ്ങള്‍ പരസ്യമായി തെരുവില്‍ ഇറങ്ങിയതോടെ സംസ്ഥാനം കത്തിയെരിയുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്.

ആസാം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. കൂടാതെ മുതിര്‍ന്ന ബിജെപി നേതാവും ആസാം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു.

ഇതിനു മുന്‍പ് ആസാമിലെ പ്രശസ്തന നടനും ആസാം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബിജെപി വിടുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങളും ഇനി പ്രക്ഷോഭങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പലരും ബിജെപി പാര്‍ട്ടി വിടുന്നത്. പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറിയതോടെ അതൃപ്തി അറിയിച്ച് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും രംഗത്ത് വന്നിരുന്നു. കരിനിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

Exit mobile version