അയോധ്യ വിധിയിൽ ഇനിയൊരു പുനഃപരിശോധന ഇല്ല; ഇരുപക്ഷത്തിന്റേയും മുഴുവൻ ഹർജികളും സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ പ്രസ്താവിച്ച വിധി അന്തിമമാണെന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ച് സുപ്രീംകോടതി. അയോധ്യ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകി 18 ഹർജികളാണ് സുപ്രീംകോടതി തള്ളിയത്.

ഹർജികൾ തള്ളിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ എസ്എ ബോബ്‌ഡെ അധ്യക്ഷനമായ ബെഞ്ചാണ്. നവംബർ ഒമ്പതിലെ വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.

മുസ്ലിം സംഘടനകളും ഹിന്ദു സംഘടനകളും ഉൾപ്പടെയുള്ളവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധർ എന്നിവരുടെ ഹര്‍ജികൾ ഇതിൽ ഉൾപ്പെടുന്നു. ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

മുൻചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യക്കേസിൽ നീണ്ട കാലത്തെ വാദത്തിന് ശേഷം ചരിത്ര വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയായ 2.77 ഏക്കറിൽ ക്ഷേത്രം നിർമിക്കാമെന്നും അയോധ്യയിൽ തന്നെ പള്ളി നിർമിക്കുന്നതിനായി മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിക്കണമെന്നുമായിരുന്നു വിധി.

Exit mobile version