അഭിഭാഷക കുപ്പായമണിഞ്ഞ് ചിദംബരം വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം അഭിഭാഷകനായി സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ചിദംബരം ഇന്ന് രണ്ട് കേസുകളില്‍ ഹാജരായത്.

ആഭ്യന്തരകലാപ, വിവാഹമോചന കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിങ്‌വി, കപില്‍ സിബല്‍ എന്നിവര്‍ക്കെതിരായാണ് ചിദംബരം ഹാജരായത്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിനു വേണ്ടി ഹാജരായതും അദ്ദേഹത്തിന് ജാമ്യം ലഭിക്കാനായി വാദമുയര്‍ത്തിയതും സിബലും സിങ്‌വിയുമായിരുന്നുവെന്നതാണ് ഏറെ രസകരം.

ഈ മാസം നാലിനായിരുന്നു 106 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ചിദംബരം ജാമ്യത്തിലിറങ്ങിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചിദംബരം പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചിദംബരം ഇന്ന് സഭയിലുയര്‍ത്തിയത്.

Exit mobile version